പിണറായി വിജയനെ പുകഴ്ത്തി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്
സിപിഎം നേതാവായ പിണറായിയെക്കാൾ തലയെടുപ്പുള്ള നേതാവ് ബിജെപിയടക്കം മറ്റൊരു പാർട്ടിയിലും ഇല്ലെന്നും മോഹൻദാസ്


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. കേരള മുഖ്യമന്ത്രി പദത്തിൽ പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുമെന്നും, അദ്ദേഹത്തേക്കാൾ തലയെടുപ്പുള്ള നേതാവ് ബിജെപിയടക്കം മറ്റൊരു പാർട്ടിയിലും ഇല്ലെന്ന്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി മോഹൻദാസ് പിണറായിയെ പുകഴ്ത്തിയത്.
‘പുതിയ കാലഘട്ടത്തിൽ ശക്തരായ നേതാക്കളെയാണ് ലോകം ഇഷ്ടപ്പെടുന്നത്. പിണറായി വിജയൻ അത്തരത്തിൽ ശക്തനായ ഒരു നേതാവാണ്. ഒരാളെ നിയമിക്കണമെന്ന് അദ്ദേഹം കരുതിയാൽ അദ്ദേഹമത് ചെയ്യും. എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും. തെറ്റായാലും ശരിയായാലും ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുന്നു. അങ്ങനെയാണ് ആളുകൾ അതിനെ കാണുന്നത്," ടി.ജി മോഹൻദാസ് പറഞ്ഞു.
"സംസ്ഥാനത്ത് വലിയ കലാപങ്ങളാണ് നടക്കുന്നത്. ഈ അരാജകത്വങ്ങൾ എല്ലാം കണ്ടിട്ടാണ് ഞാൻ പറയുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പിണറായി വിജയന് എതിര് നില്ക്കാൻ ഒരു നേതാവില്ല. ബിജെപിയിലും കോൺഗ്രസിലും അങ്ങനെ ഒരാളില്ല. ബിജെപി നേതാവായ കെ. സുരേന്ദ്രൻ എന്റെ അടുത്ത സുഹൃത്ത് ആണ്. എന്നാൽ പിണറായി വിജയനോളം സാമർഥ്യം ഉള്ള ഒരാളാണ് സുരേന്ദ്രനെന്ന് പറയാൻ സാധിക്കുമോ? അങ്ങനെ ഒരു തോന്നൽ ജനത്തിനുണ്ടോ? കോൺഗ്രസിൽ നിരവധി നേതാക്കന്മാരുണ്ട്. പക്ഷെ ശക്തനായ ഒരു നേതാവെന്ന് പറയാൻ ആരും യുഡിഎഫിൽ ഇല്ല. മുസ്‍ലിം ലീഗിൽ പോലും ഇല്ല. പിണറായി വിജയൻ ജയിക്കുന്നത് യഥാർത്ഥത്തിൽ അദ്ദേഹിന്റെ കഴിവ് കൊണ്ടല്ല. മറ്റുള്ളവരുടെ കഴിവ്‌കേട് കൊണ്ടാണ്," ടി.ജി മോഹൻദാസ് ചൂണ്ടിക്കാട്ടി. ടി.ജി മോഹൻദാസിന്റെ പരാമർശങ്ങൾ പോരാളി ഷാജിയടക്കമുള്ള സൈബർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.