അജിത് കുമാറിനെതിരായ നടപടി ആയുധമാക്കാൻ ആർഎസ്എസ്; പുറത്താക്കിയ ഉത്തരവിൽ ആർഎസ്എസ് ബന്ധമുണ്ടോയെന്ന് സംഘടനാ നേതാവ്
എഡിജിപി ആർഎസ്എസ് ബന്ധമുള്ളയാളൊ സഹയാത്രികനൊ അല്ലെന്നും ആർഎസ്എസ് നേതാവ് എ. ജയകുമാർ
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയതിൽ കാരണം പറയാതെയുള്ള വാർത്താ കുറിപ്പ് ആയുധമാക്കി ആർഎസ്എസ്. അജിതിനെ മാറ്റിയത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ആർഎസ്എസിനെ കുറിച്ച് പരാമർശമുണ്ടോയെന്ന് സംഘടനാ നേതാവ് എ. ജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
എഡിജിപി ആർഎസ്എസ് ബന്ധമുള്ളയാളല്ലെന്നും അദ്ദേഹം ആർഎസ്എസിന്റെ സഹയാത്രികനല്ലെന്നും ജയകുമാർ പറഞ്ഞു. ഐപിഎസും ഉന്നത പദവികളും അദ്ദേഹത്തിന് നൽകിയത് ആർഎസ്എസ് അല്ലെന്നും ജയകുമാർ പറഞ്ഞു. ദത്താത്രേയ ഹൊസബാലയെ അജിത് സന്ദർശിച്ചത് ജയകുമാറിനൊപ്പമായിരുന്നു. സുഹൃത്തായ ജയകുമാർ ക്ഷണിച്ചാണ് കൂടിക്കാഴ്ചക്ക് പോയതെന്ന് അജിത് ഡിജിപിക്ക് നൽകിയ മൊഴിയിലും ആവർത്തിച്ചിരുന്നു. ദത്താത്രേയ ഹൊസബാലയെ പരിചയപ്പെടുത്താനാണ് ജയകുമാർ ക്ഷണിച്ചതെന്നും അജിത് പറഞ്ഞിരുന്നു.