റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും: ബൈഡന്‍
റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടവിന് ശ്രമിക്കുന്നില്ല. എന്ത് സംഭവിച്ചാലും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തയ്യാറാണെന്നും ബൈഡൻ പറഞ്ഞു
റഷ്യ- യുക്രൈൻ സംഘർഷ സാധ്യത നിലനില്‍ക്കുന്നു എന്ന വാദത്തിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല. എന്നാല്‍ യുക്രൈനേയോ യുക്രൈനിലെ അമേരിക്കന്‍ പൗരൻമാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ റഷ്യയിലെ ജനങ്ങളുമായി ശത്രുതയില്ലെന്നും അവരെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കക്കോ നാറ്റോ രാജ്യങ്ങള്‍ക്കോ യുക്രൈനില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയക്കാനും പദ്ധതിയില്ല. യുക്രൈയ്ൻ അതിർത്തിയിൽ നിന്ന് റഷ്യ ചില സൈന്യത്തെ പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയോട് അഭ്യർത്ഥിച്ചിരുന്നു. എന്ത് സംഭവിച്ചാലും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തയ്യാറാണെന്നും ബൈഡൻ പറഞ്ഞു.
എന്നാല്‍ യുക്രൈനുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ പറഞ്ഞു. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി.
യുക്രൈൻ-റഷ്യ സംഘർഷത്തിൽ ജർമനിയുടെ സമവായനീക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന റഷ്യൻ നിലപാടിനെ ഷോൾസ് പിന്തുണച്ചു. നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപിലെ രാജ്യങ്ങളെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു.