വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; 11 ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറെന്ന് റിപ്പോർട്ട്
മാനുഷിക പരിഗണന അർഹിക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ വിട്ടയക്കുകയെന്ന് ഹമാസ് അറിയിച്ചിരുന്നു
കൈറോ: ഗസ്സയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 11 ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറായതായി വിവരം. ഈജിപ്തിലെ അൽ-ഗാദ് വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ട 34 ബന്ദികളുടെ പട്ടികയെച്ചൊല്ലിയാണ് ഇരു കക്ഷികളും തമ്മിലുള്ള പ്രധാന തർക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. മാനുഷിക പരിഗണന അർഹിക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ വിട്ടയക്കുകയെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ, ഇതിൽ ഉൾപ്പെടാത്ത 11 പുരുഷൻമാരെയാണ് ഇപ്പോൾ വിട്ടയക്കാൻ തയ്യാറായിട്ടുള്ളത്.
ബന്ദിമോചനത്തിനു പകരം, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നാണ് ഹമാസിൻ്റെ ആവശ്യം. റഫ ക്രോസിങ് തുറക്കുക, നെറ്റ്സാരിം ഇടനാഴിയിൽ നിന്നുള്ള ഐഡിഎഫിൻ്റെ പിൻവാങ്ങൽ, ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് ക്രമേണയുള്ള പിൻവാങ്ങൽ തുടങ്ങിയവയും ചർച്ച ചെയ്യുന്നതായി ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
വെടിനിർത്തൽ കരാർ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം അൽ-ഗാദ് റിപ്പോർട്ട് ചെയ്തിരുന്നു. കരാർ നടപ്പാക്കുന്ന കാലയളവിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ സ്ഥാനമടക്കം മുമ്പ് വിവാദമായ വിഷയങ്ങളിൽ പുരോഗതി ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.