ചെങ്കടലിൽ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ നാവികസേന; അബദ്ധമെന്ന് സ്ഥിരീകരണം
വിശദമായ അന്വേഷണം ആരംഭിച്ചതായി അമേരിക്ക വ്യക്തമാക്കി
വാഷിങ്ടൺ: ചെങ്കടലിലെ പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ നാവികസേന. അബദ്ധം സംഭവിച്ചതാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് നാവികസേന ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. വിശദമായ അന്വേഷണം ആരംഭിച്ചതായി അമേരിക്ക വ്യക്തമാക്കി.
ഹാരി എസ് ട്രൂമാൻ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിനു നേരെ ഗെറ്റിസ്ബർഗ് എന്ന മറ്റൊരു യുദ്ധവിമാനമാണ് വെടിയുതിർത്തത്. ഉടൻ തന്നെ നാവികസേന ഉദ്യോഗസ്ഥർ താഴേക്ക് ചാടി. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
യെമനിലെ ഹൂതികൾ അമേരിക്കൻ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ അക്രമണം നടത്തുന്നുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അമേരിക്കയുടെ ഭാഗത്തുനിന്നു തന്നെ ഇത്തരമൊരു അബദ്ധം സംഭവിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ യുഎസ് ഈ മേഖലയിൽ നാവികസേനാ യുദ്ധക്കപ്പലുകളുടെ സ്ഥിര സാന്നിധ്യം നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വെടിയേറ്റ യുദ്ധവിമാനം യെമനിലെ ആക്രമണങ്ങളുടെ ഭാഗമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.