നിഗൂഢത നിറഞ്ഞ എംഎച്ച് 370, കാണാതായി 10 വർഷം; തിരച്ചിൽ പുനരാരംഭിക്കാൻ മലേഷ്യ
വിമാനം കണ്ടെത്തിയാൽ 70 മില്യൺ യുഎസ് ഡോളർ ആണ് കമ്പനിക്കു ലഭിക്കുന്ന പാരിതോഷികം
കോലാലംപൂർ: 239 ആളുകളുമായി പറന്നുയർന്ന ബോയിങ് 777 റഡാർ സ്ക്രീനുകളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. പിന്നീട് ആ വിമാനത്തെപ്പറ്റി യാതൊരു വിവരവുമില്ല. 10 വർഷം പിന്നിട്ടിട്ടും വ്യോമയാന മേഖല കണ്ട ഏറ്റവും വലിയ തിരച്ചിലിന് സാക്ഷ്യം വഹിച്ചിട്ടും വിമാനത്തെ കണ്ടെത്താനായില്ല. 10 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 മാർച്ച് എട്ടിനാണ് മലേഷ്യൻ എയർലൈൻസ് വിമാനം MH370 കാണാതാകുന്നത്. കോലാലംപൂരിൽ നിന്ന് ബെയ്ജിങിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായാണ് ഈ തിരോധാനം കണക്കാക്കുന്നത്. വിമാനത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി തിരച്ചിലുകൾ നടന്നു.
കോലാലംപൂരിൽ നിന്ന് ടേക്ക്ഓഫ് ചെയ്ത് 40 മിനിറ്റിൽ വിമാനവുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടു. വിയറ്റ്നാമീസ് എയർസ്പേസിൽ പ്രവേശിച്ചതിനു പിന്നാലെ 'ഗുഡ് നൈറ്റ് മലേഷ്യൻ ത്രീ സെവൻ സീറോ' എന്നായിരുന്നു ക്യാപ്റ്റൻ്റെ അവസാന മറുപടി. ഇതിനു പിന്നാലെ വിമാനത്തിൻ്റെ ട്രാൻസ്പോണ്ടർ ഓഫായി. വിമാനം ആൻഡമാൻ കടലിലേക്ക് പറന്നതായാണ് സൈനിക റഡാറില്‍ നിന്നുള്ള വിവരം. പിന്നീട് തെക്കോട്ടേക്ക് തിരിഞ്ഞതോടെ എല്ലാ ബന്ധവും നഷ്ടപ്പെടുകയായിരുന്നു.
ഇപ്പോഴിതാ എംഎച്ച് 370ക്കായി വീണ്ടും മറ്റൊരു തിരച്ചിലിനുകൂടി കളമൊരുങ്ങുകയാണ്. വിമാനത്തിനായി തിരച്ചിൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലേഷ്യൻ സർക്കാർ. 2018ൽ തിരച്ചിൽ നടത്തിയ ഓഷ്യൻ ഇൻഫിനിറ്റി തന്നെയാണ് ഇത്തവണയും തിരച്ചിൽ നടത്തുന്നത്. മലേഷ്യൻ ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ 15000 ചതുരശ്ര കിലോമീറ്ററായിരിക്കും ഇത്തവണ തിരച്ചിൽ നടത്തുക. കമ്പനിയുമായി കരാർ ഒപ്പുവെച്ച് ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കും. തിരച്ചിലിനായുള്ള മികച്ച സമയം ജനുവരി മുതൽ ഏപ്രിൽ വരെയായിരിക്കുമെന്നാണ് കമ്പനി അറിയിച്ചത്. 18 മാസത്തേക്കായിരിക്കും കരാർ. വിമാനം കണ്ടെത്തിയാൽ 70 മില്യൺ യുഎസ് ഡോളർ ആണ് കമ്പനിക്കു ലഭിക്കുന്ന പാരിതോഷികം. തിരച്ചിൽ നടത്താനുള്ള തീരുമാനത്തെ കാണാതായവരുടെ കുടുംബം സന്തോഷത്തോടെ വരവേറ്റു.
വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് നിഗമനം. വിമാനത്തിൻ്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വിമാനത്തില്‍ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ചില അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയുടെ തീരങ്ങളിലും മഡഗാസ്കർ, മൗറീഷ്യസ്, റിയുണിയന്‍, റോഡ്രിഗസ് ദ്വീപുകളിലും കണ്ടെത്തിയതായി വിവരമുണ്ട്.
കാണാതായതിനു പിന്നാലെ, മലേഷ്യ, ആസ്ത്രേലിയ, ചൈന എന്നീ രാജ്യങ്ങൾ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്തി. 143 മില്യൺ ഡോളർ ആയിരുന്നു ഇതിന് ചിലവായത്. എന്നാൽ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തിനാൽ രണ്ട് വർഷത്തിനുശേഷം 2017 ജനുവരിയിൽ ഈ തിരച്ചിൽ അവസാനിപ്പിച്ചു.
2018ൽ തിരച്ചിൽ നടത്താനുള്ള ഓഷ്യൻ ഇൻഫിനിറ്റിയുടെ ഓഫർ സർക്കാർ അംഗീകരിക്കുകയായിരുന്നു. വിമാനം കണ്ടെത്തിയാൽ കമ്പനിക്ക് പണം നൽകിയാൽ മതിയെന്നായിരുന്നു ആ ഓഫർ. എന്നാൽ 112000 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിരുന്നില്ല. മെയ് 2018ൽ അതും അവസാനിച്ചു.