ബഹാഉദ്ദീൻ നദ്‌വി കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവർക്ക് കൊടുക്കേണ്ടത് കൊടുക്കുന്ന നേതാവ് : സാദിഖലി തങ്ങൾ
ബഹാഉദ്ദീൻ നദ്‌വിക്ക് കൊളത്തൂർ ടി. മുഹമ്മദ് മൗലവി സ്മാരക അവാർഡ് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം.
മലപ്പുറം: ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറാംഗം ബഹാഉദ്ദീൻ നദ് വിയെ പുകഴ്ത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കർട്ടന് പിന്നിൽനിന്ന് സമുദായത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവർക്ക് കൊടുക്കേണ്ടത് അപ്പോൾ തന്നെ ബഹാഉദ്ദീൻ നദ് വി കൊടുക്കാറുണ്ടെന്ന് തങ്ങൾ പറഞ്ഞു. കൊളത്തൂർ ടി. മുഹമ്മദ് മൗലവി അവാർഡ് ബഹാഉദ്ദീൻ നദ്‌വിക്ക് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനും സമുദായത്തിനുള്ളിലെ ഐക്യത്തിനും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. കമ്മൂണിസത്തിനെതിരെ ആഞ്ഞടിച്ച നേതാവാണ് ബഹാഉദ്ദീൻ നദ് വി. ചിലർക്ക് ഉചിതമായ മുന്നറിയിപ്പ് അദ്ദേഹം കൊടുത്തു. ആദ്യകാലങ്ങളിൽ മുസ് ലിം പണ്ഡിതൻമാർ ലീഗിനൊപ്പം നിന്നവരായിരുന്നു. പല വേദികളിലും സാന്നിധ്യംകൊണ്ട് അനുഗമിച്ചവരാണ്. ആദർശത്തിൽ അടിയുറച്ചുനിൽക്കാനാണ് അന്ന് നേതാക്കൾ പറഞ്ഞിരുന്നത് എന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് ചെയ്യുന്ന കാര്യങ്ങൾ മതത്തിന് പുറത്തല്ലെന്ന് ബഹാഉദ്ദീൻ നദ്‌വി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭൗതിക കാര്യങ്ങൾ ചെയ്യുന്നത് മുസ്‌ലിം ലീഗാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ലീഗ് പ്രവർത്തിക്കുന്നത്. മതപരമായ കാര്യങ്ങൾ ചെയ്യാനാണ് സമസ്തയെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയിൽ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നവർക്കുള്ള പരോക്ഷ വിമർശനം കൂടിയാണ് സാദിഖലി തങ്ങളുടെ പരാമർശം. സുപ്രഭാതം പത്രത്തിൽ സി.പി.എം പരസ്യം പ്രസിദ്ധീകരിച്ചതിൽ എതിർപ്പുള്ള നേതാവാണ് ബഹാഉദ്ദീൻ നദ്‌വി. പലകാര്യങ്ങളിൽ സുപ്രഭാതം പത്രത്തിന് നയവ്യതിയാനം വന്നിട്ടുണ്ടെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഗൾഫ് സുപ്രഭാതം ലോഞ്ചിങ് പരിപാടിയിൽ എഡിറ്ററും പബ്ലിഷറുമായ നദ്‌വി പങ്കെടുത്തിരുന്നില്ല. വിയോജിപ്പുകളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.