'പണം വാങ്ങി ഒത്തുകളിക്കുന്നു'; തൃശൂരിലെ സദാചാരക്കൊലയിൽ പൊലീസിനെതിരെ സഹറിന്റെ കുടുംബം
'സംഭവ ശേഷം പ്രതികള്‍ നാട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. പലരുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്'
തൃശൂർ: ചേർപ്പിലെ സദാചാരക്കൊലയിൽ പൊലീസിനെതിരെ മരിച്ച സഹറിന്റെ കുടുംബം. 'പ്രതികൾ ആക്രമണം നടത്തി ഒരാഴ്ചയോളം നാട്ടിൽ ഉണ്ടായിരുന്നു. സംഭവ ശേഷം ഇവർ നാട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഈ ഘട്ടത്തിൽ പൊലീസ് അനങ്ങിയില്ല. പ്രതികളിൽ പലരുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്. പണം വാങ്ങി ഒത്തു കളിക്കുകയാണോ എന്ന് സംശയമാണെന്ന് കുടുംബം പറയുന്നു.
'സഹറിന്റെ ഉറ്റ സുഹൃത്തുക്കളാണ് കൊല നടത്തിയത്. പലരും സഹറിന്റെ വീട്ടിലെ അംഗങ്ങൾ പോലെ കഴിഞ്ഞവരായിരുന്നെന്നും കുടുംബം പറയുന്നു. പ്രതികള്‍ പണവും സ്വാധീനവുമുള്ളവരാണ്. സഹറിന്‍റെ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ ചെലവഴിച്ചു. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സഹറെന്നും കുടുംബം പറയുന്നു. പ്രതികള്‍ എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാം..'. എന്നാല്‍ പൊലീസ് മനപ്പൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്നും കുടുംബം പറയുന്നു.
തിരുവാണിക്കാവിലാണ് സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായി ബസ് ഡ്രൈവർ സഹർ(32) മരിച്ചത്. ഫെബ്രുവരി 18 ന് അർധ രാത്രിയാണ് ചിറക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച സഹറിന് മർദനമേറ്റത്. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സഹര്‍ ആഴ്ചകളോളം വെന്‍റിലേറ്ററിലായിരുന്നു. പിന്നീട് മാര്‍ച്ച് ഏഴിനാണ് മരിക്കുന്നത്.
മർദനം നടന്നിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് സഹർ മരിക്കുന്നത്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.