സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകൻ; നിര്‍ണായക മൊഴി പുറത്ത്
പ്രതിയെന്ന് സംശയിക്കുന്നയാൾ ജനുവരിയില്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്. ആക്രമണം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആക്രമണം നടത്തിയത് തന്റെ സഹോദരനെന്ന് യുവാവിന്റെ മൊഴി.
കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. പ്രശാന്തിന്‍റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. പ്രകാശ് ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. കൂട്ടു പ്രതികള്‍ മര്‍ദിച്ചതാണ് സഹോദരന്‍റെ ആത്മഹത്യക്ക് കാരണമെന്നും പ്രശാന്ത് ഒന്നരയാഴ്ച മുമ്പ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ പ്രശാന്തിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.. മൊഴിയില്‍ പറയുന്ന കൂട്ടുപ്രതികളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. താനാണ് ആശ്രമം കത്തിച്ചത് എന്നുവരെ പലരും പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുമ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലു വര്‍ഷമായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മും സന്ദീപാനന്ദഗിരിയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു.