'ബംഗാളിൽ സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരുമിച്ച്'; ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ കെ സുധാകരനെ കുറ്റപ്പെടുത്തേണ്ടെന്ന് സതീശൻ
'കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ല'
ഷാർജ: ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ സിപിഎം കെ സുധാകരനെ കുറ്റപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും ഒരുമിച്ചാണ് ബംഗാളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രസ്താവനയെ പറ്റി സുധാകരൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ലെന്നും സതീശൻ പറഞ്ഞു.
ശബരിമല നിലപാടിൽ സിപിഎം വെള്ളം ചേർത്തുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ. സിപിഎം നിലപാടല്ല ജി സുധാകരൻ ഇപ്പോൾ പറയുന്നത്. സിപിഎമ്മിന്റെ നവോത്ഥാനം എല്ലാവർക്കും മനസ്സിലായല്ലോയെന്നും സതീശൻ പറഞ്ഞു.
അതേസമയം എൻഎസ്എസിനെ താൻ തള്ളി പറഞ്ഞിട്ടില്ലെന്നും എൻസ്എസിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ. വർഗീയ വാദികളുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് സമുദായനേതാക്കളെ പോയി കണ്ട് വോട്ട് ചോദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തെ കുറിച്ചും സതീശൻ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് പൊട്ടൻ കളിക്കുകയാണ്. കത്ത് ആരാണ് എഴുതിയതെന്ന് കണ്ടുപിടിക്കണം. ഏത് അന്വേഷണം നടത്തിയാലും സിപിഎമ്മുകാർ പ്രതികളാകുമെന്നും വി ഡി സതീശൻ പറഞ്ഞു.