റെയ്ഡിന്റെ പേരിൽ പൊലീസ് തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു; ഗുരുതര ആരോപണങ്ങളുമായി എസ്ഡിപിഐ
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേതാക്കൾ ചോദിച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി.
ആലപ്പുഴയിൽ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് നിരപരാധികളായ എസ്ഡിപിഐ പ്രവർത്തകരെ വേട്ടയാടുകയാണെന്ന് നേതാക്കൾ. കസ്റ്റഡിയിലെടുത്ത ഫിറോസ് എന്ന പ്രവർത്തകനെ ക്രൂരമായി മർദിച്ചു. രാജേഷ് എന്ന പൊലീസുകാരന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ജയ് ശ്രീരാം വിളിപ്പിച്ചെന്നും സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കലും അജ്മലും ഇസ്മായീലും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ പച്ചക്കള്ളം പറയുകയാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കള്ളക്കഥകൾ മെനയുകയാണ്. പൊലീസ് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ കയറി അതിക്രമം കാണിക്കുകയാണ്. റെയ്ഡിന്റെ പേരിൽ തെരുവ് ഗുണ്ടകളെപ്പോലെയാണ് പൊലീസ് പെരുമാറുന്നത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേതാക്കൾ ചോദിച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി.
തെറ്റുചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെക്കുമെന്ന് പറയുന്നതിന് പകരം എഡിജിപി വിജയ് സാഖറെ രാജിവെക്കുമെന്നാണ് പറയുന്നത്. അതിന്റെ ആവശ്യമെന്താണെന്ന് നേതാക്കൾ ചോദിച്ചു. പ്രവർത്തകർ അനുഭവിച്ച പീഡനങ്ങളാണ് ഞങ്ങളുടെ തെളിവ്. ധൈര്യമുണ്ടെങ്കിൽ അദ്ദേഹം അന്വേഷണം നടത്തട്ടെ എന്നും നേതാക്കൾ പറഞ്ഞു.
കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസിൽ എസ്ഡിപിഐക്കാർക്ക് എതിരെ ഒരു എഫ്‌ഐആർ എങ്കിലും ഉണ്ടെന്ന് തെളിയിക്കാൻ സുരേന്ദ്രനാവുമോയെന്ന് നേതാക്കൾ ചോദിച്ചു. ക്ഷേത്ര ആക്രമണക്കേസിൽ ഏതെങ്കിലും എസ്ഡിപിഐ ക്കാരന് പങ്കുണ്ടൊയെന്ന് തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ക്ഷേത്ര ആക്രമണത്തിനു പിന്നിൽ സംഘ്പരിവാറാണ്. കളളപ്പണത്തിന്റെ സൂത്രധാരനായ സുരേന്ദ്രൻ കേന്ദ്രഏജൻസിയെ അന്വേഷണത്തിന് ക്ഷണിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചതെന്നും റോയ് അറക്കലും അജ്മൽ ഇസ്മായീലും ആരോപിച്ചു.