ബേലൂർ മഗ്നക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും വിഫലം; ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്ത് മോഴയാന
കാട്ടിനുള്ളിലെ തിരച്ചിലിനിടെ ആനക്കൊപ്പമുള്ള മോഴയാന ദൗത്യസംഘത്തിനു നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും വിഫലം. കാട്ടിനുള്ളിലെ തിരച്ചിലിനിടെ ആനക്കൊപ്പമുള്ള മോഴയാന ദൗത്യസംഘത്തിനു നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
തിരച്ചിലാരംഭിച്ച് അഞ്ചാം ദിവസമായ ഇന്ന് പുലർച്ചെ പുനരാരംഭിച്ച തിരച്ചിൽ മണിക്കൂറുകൾ പിന്നിട്ടപ്പോഴും കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെയെന്ന പോലെ ഒരാൾ പൊക്കത്തോളം ഉയർന്നു നിൽക്കുന്ന മുള്ളു പടർന്ന കുറ്റിക്കാടുകൾ ഇന്നും ദൗത്യത്തിന് വെല്ലുവിളി ആവുകയായിരുന്നു. അതിനിടെയാണ് ബേലൂർ മഗ്നക്കൊപ്പമുള്ള മോഴയാന ദൗത്യസംഘത്തിനെതിരെ പാഞ്ഞടുത്തത്.
പുറത്തേക്ക് വെടിവെച്ചും ബഹളം വെച്ചും ആനയെ പിന്തിരിപ്പിച്ചാണ് ദൗത്യസംഘം രക്ഷപ്പെട്ടത്. ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ തന്നെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇന്നലെ ദൗത്യമവസാനിപ്പിക്കുമ്പോൾ മണ്ണുണ്ടി വനമേഖലയിലുണ്ടായിരുന്ന ബേലൂർ മഗ്ന, കിലോമീറ്ററുകൾ സഞ്ചരിച്ച് കർണാടക ഉടമസ്ഥതയിലുള്ള നാഗർഹോള വനമേഖലയിലെത്തിയിരുന്നു. പുലർച്ചെയോടെ ആന വീണ്ടും കേരള വനാതിർത്തിയിലേക്കെത്തി. ഇത്ര നേരവും ബേലൂർ മഗ്നക്കാപ്പം കൂടെയുള്ള മോഴയാനയും സഞ്ചരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.
ഡ്രോൺ ക്യാമറകൾക്കും കുങ്കിയാനകൾക്കും ട്രീ ഹട്ടുകൾക്കും പുറമെ എ ഐ സഹായത്തിൽ പ്രവർത്തിക്കുന്ന തെർമൽ ഡിറ്റക്ടർ ക്യാമറയും ഇന്ന് മുതൽ തിരച്ചിലിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. നഗ്നനേത്രങ്ങളുടെ ദൂരപരിധിക്കപ്പുറത്ത് മറഞ്ഞിരിക്കുന്ന വസ്തുകളുടെയും ചിത്രം ലഭ്യമാക്കാൻ എ ഐ സഹായത്താൽ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വനപാലകർ.