'ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു'; ഹരിഹരനെ തള്ളി കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ്
'പരാമർശം ശ്രദ്ധയിൽപെട്ടപ്പോൾ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതൃത്വവും ഇടപ്പെട്ടു'
കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ് ഹരിഹരന്‍റെ വിവാദ പരാമർശം ദൗർഭാഗ്യകരമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ. ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ സംഘാടകർ എന്ന രീതിയിൽ ഖേദം പ്രകടിപ്പിക്കുന്നു. പരാമർശം ശ്രദ്ധയിൽപെട്ടപ്പോൾ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതൃത്വവും ഇടപ്പെട്ടു, അപ്പോൾ തന്നെ ഹരിഹരൻ ഖേദപ്രകടനം നടത്തിയെന്നും പ്രവീൺകുമാർ പറഞ്ഞു.
കെ.എസ് ഹരിഹരനെ തള്ളി കെ.കെ രമയും രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പരാമർശം പാർട്ടി തള്ളിക്കളഞ്ഞത് മാതൃകാപരമാണെന്നും കെ.കെ.രമ മീഡിയവണിനോട് പറഞ്ഞു.
'ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തീർത്തും തെറ്റായ ഒന്നായിരുന്നു.അത് അംഗീകരിക്കാനാവില്ല. പരാമർശത്തെ പൂർണമായും തള്ളിക്കളയുകയാണ്. ഒരു സ്ത്രീക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന കൃത്യമായ നിലപാട് തന്നെയാണ് ഉള്ളത്. ഹരിഹരൻ തന്നെ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്'. രമ പറഞ്ഞു.
വടകരയിലെ അശ്ലീല വീഡിയോ സംബന്ധിച്ച് സംസാരിക്കവെയാണ് ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ കേട്ടാൽ മനസ്സിലാകും. ശൈലജ ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു പരാമർശം.യുഡിഎഫ് - ആർഎംപിഐ വടകരയിൽ സംഘടിപ്പിച്ച ജനകീയ കാമ്പയിൻ പരിപടിയിലായിരുന്നു പരാമർശം.വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ചു ഹരിഹരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.
'ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.