സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം
പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
![സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം](https://www.mediaoneonline.com/h-upload/2025/01/29/1500x900_1460303-untitled-1.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം. തൃശൂരിലെ ക്യാമ്പസുകളിൽ വ്യാപകമായി എസ്എഫ്ഐ ആക്രമണം നടത്തി. നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു.
തലശ്ശേരിയിൽ കെഎസ്‍യു ജില്ലാ ജനറൽ സെക്രട്ടറിയെ ഹോസ്റ്റലിൽ കയറി മർദ്ദിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലുണ്ടായ സംഘർഷത്തിൽ രണ്ട് കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു. ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും, എംടിഐ പോളിടെക്നിക് കോളേജിലും കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റു. അലോഷ്യസ് കോളേജിലും ,നാട്ടിക എസ് എൻ കോളേജിലും കൊടിമരങ്ങൾ തകർത്തു.
പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലും എസ്എഫ്ഐ കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്നാണ് കെഎസ്‍യു പ്രവർത്തകരുടെ പരാതി. രണ്ട് കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെഎസ്‍യു ജില്ലാ ഭാരവാഹികൾക്ക് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു നാളെ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
തൃശ്ശൂർ ഡീസോൺ കലോത്സവ സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുമെന്ന് കെഎസ്‌യു അറിയിച്ചു. ഫേസ്ബുക്കിൽ പോർവിളിയുമായി എസ്എഫ്ഐ കെഎസ്‍യു നേതാക്കൾ രംഗത്തെത്തി. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിനും കണ്ടാലറിയാവുന്ന 15 പേർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് ആശിഷിന്റെയും അഗ്നി വേഷിന്റെയും പരാതിയിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരെ മാള പൊലീസ് ഇന്ന് ആലുവയിൽ നിന്ന് അറസ്റ്റ് ചെയ്തു.
അതേ സമയം അക്രമം നടത്തിയ ശേഷം ആംബുലൻസിൽ കെഎസ്‌യു പ്രവർത്തകർ രക്ഷപ്പെടുകയായിരുന്നു എന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആംബുലൻസ് സെൽഫിയിൽ വിശദീകരണവുമായി കെഎസ്‌യു നേതാക്കൾ രംഗത്തെത്തി. സെൽഫിയെടുത്തതും നേതാക്കൾ സഞ്ചരിച്ചതും രണ്ട് ആംബുലൻസ് എന്ന് സെൽഫിയിൽ ഉൾപ്പെട്ട സെന്റ്തോമസ് കോളജ് മുൻ ചെയർമാൻ എൽവിൻ പറഞ്ഞു.
കെഎസ്‌യു തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂരിനുൾപ്പടെ നിരവധി കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചു. തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ ഇന്നലെ രാത്രി ഒന്നരയോടെ പത്തോളം വരുന്ന മുഖംമൂടി സംഘം ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി മർദ്ദിച്ചു. രണ്ടാം വർഷ നിയമ വിദ്യാർഥിയും കെഎസ്‌യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിഥുൽ ബാലനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഘർഷ സാധ്യതയുള്ള ക്യാമ്പസുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.