എസ്.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി.

Update: 2022-01-11 04:20 GMT
Advertising

ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി.

വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ധീരജിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ അൽപ്പസമയത്തിനകം ആരംഭിക്കും.

കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ക്യാംപസിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ധീരജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. ജില്ലയിലാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഒന്‍പത് മണിയോടെ വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രകോപനം അഴിച്ചുവിടാൻ കെ.എസ്.യു - യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുന്നുവന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. കൊലപാതകത്തെ കോൺഗ്രസ്‌ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാൻ കഴിയുമോ എന്നാണ് സുധാകരൻ ശ്രമിക്കുന്നത്. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്‍റെ കൊച്ചുമകന്‍റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരൻ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News