ശശി തരൂർ സി.പി.എം സെമിനാറിൽ പങ്കെടുക്കുമോയെന്ന ആശങ്കയിൽ കോണ്‍ഗ്രസ് നേതൃത്വം

പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സി ഹൈക്കമാൻഡിനെ സമീപിച്ചേക്കും

Update: 2022-03-20 02:04 GMT
Advertising

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയതായി അറിയില്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. വിലക്ക് ഏർപ്പെടുത്തിയതായി കെ സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ച ശേഷം തരൂർ നടത്തിയ പ്രതികരണം ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സി ഹൈക്കമാൻഡിനെ സമീപിച്ചേക്കും.

ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. ഇതോടെ നേതാക്കൾ പങ്കെടുക്കുന്നത് വിലക്കാൻ തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു തരൂർ. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ച നടത്തണമെന്നും തരൂർ പ്രതികരിച്ചു.

തരൂരിന്‍റെ നീക്കത്തിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേരത്തെ കെ റെയിലിന് എതിരായ നിവേദനത്തിൽ ഒപ്പ് വെയ്ക്കാതെ തരൂർ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് പാർട്ടി നിലപാടിനൊപ്പമാണെന്ന് വിശദീകരിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു. വിലക്കുള്ളതായി കെ.പി.സി.സി അധ്യക്ഷൻ പരസ്യമായി പറഞ്ഞതിനാൽ ഇനി തരൂർ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ അത് നേതൃത്വത്തിന് തിരിച്ചടിയാവും. അതിനാൽ തരൂരിനെ തടയാനുള്ള നീക്കമാവും വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം നടത്തുക.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News