ശശി തരൂർ ഇന്ന് കോട്ടയത്ത്; പരിപാടിയിൽ നിന്ന് ഡിസിസി പ്രസിഡന്റും തിരുവഞ്ചൂരും വിട്ടുനിൽക്കും
ഡിസിസി പ്രസിഡന്റന്റിനെ അറിയിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു
കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ എത്തും. തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷമായതിനിടെയാണ് തരൂരിന്റെ സന്ദർശനം. എന്നാല്‍ ഇന്ന് നടക്കുന്ന തരൂരിന്റെ പരിപാടികളിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുക്കില്ല. ശരിയായ കീഴ്‍വഴക്കമല്ലെന്നും യൂത്ത് കോൺഗ്രസിന്റേത് ശരിയായ നടപടി അല്ലെന്നും നാട്ടകം സുരേഷ് കുറ്റപ്പെടുത്തി. കെപിസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റന്റിനെ അറിയിച്ചിട്ടില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. അതുകൊണ്ട്തന്നെ ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. അതേസമയം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദർശിക്കുന്ന തരൂർ തുടർന്ന് കെ എം ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.
എ ഗ്രൂപ്പിലെ ഒരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി പരിപാടിയിലേക്ക് എത്തിയേക്കില്ല. ഈ പരിപാടികൾക്ക് പുറമേ അടുത്തമാസം എൻഎസ് എസിന്റെ മന്നം ജയന്തിയിലും ചങ്ങനാശേരി രൂപത യുവദീപ്തിയുടെ പരിപാടിക്കും തരൂരിനെ ക്ഷണിച്ചിട്ടുണ്ട്.