നോവായി സിറാജുന്നീസ; ഓർമ്മ പുതുക്കലിന് വേദിയായി മീഡിയവൺ അക്കാദമി ഡോക്യുമെന്ററി ഫെസ്റ്റ്
ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്ന കഥയെ ആസ്പദമാക്കി അക്കാദമി വിദ്യാർഥി സഫ സുൽഫിയാണ് സിറാജുന്നീസയെ അരങ്ങിലെത്തിച്ചത്
കോഴിക്കോട്: പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട പതിനൊന്ന് വയസ്സുകാരി സിറാജുന്നീസയുടെ ഓർമ്മ പുതുക്കലിന് വേദിയായി മീഡിയ വൺ അക്കാദമി ഡോക്യുമെന്ററി ഫെസ്റ്റ്. ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്ന കഥയെ ആസ്പദമാക്കി അക്കാദമി വിദ്യാർഥി സഫ സുൽഫിയാണ് സിറാജുന്നീസയെ അരങ്ങിലെത്തിച്ചത്.
1991 ഡിസംബർ പതിനഞ്ചിന് പാലക്കാട് പുതുപള്ളിത്തെരുവിൽ നടന്ന പൊലീസ് വെടിവെപ്പിലാണ് സിറാജുന്നീസ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യ മഹാരാജ്യത്ത് എങ്ങനെയായിരിക്കുമെന്ന ചിന്തയുടെ മൂന്ന് സാധ്യതകളാണ് ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ. ഈ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് സഫ ഏകാംഗനാടകത്തിലൂടെ ആവിഷ്‌കരിച്ചത്.
അക്കാദമി അധ്യാപകൻ ഷഫീക്ക് കൊടിഞ്ഞിക്കൊപ്പം വിദ്യാർഥി അർജുൻ പി.ജെയും ചേർന്നാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ബിജെപി നേതാവ് മുരളി മനോഹർ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരിൽ പൊലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്.
അതേസമയം, മീഡിയവൺ അക്കാദമി ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന് ഇന്ന് കൊടിയിറങ്ങും. വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ നടി പത്മ പ്രിയ പങ്കെടുക്കും. മികച്ച ഹ്രസ്വ ചിത്രവും ഡോക്യുമെന്ററിയുമടക്കമുള്ള മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് പ്രശസ്ത നാടക കലാകാരൻ അപ്പുണ്ണി ശശിയുടെ ഏകാംഗ നാടകമായ ചക്കരപ്പന്തൽ അരങ്ങേറും. സൂഫി സംഗീതജ്ഞൻ സമീർബിൻസിയുടെ സംഗീത പരിപാടിയോടെ മേളക്ക് സമാപനമാകും.