സഖാവിന് വിടചൊല്ലി രാജ്യതലസ്ഥാനം; അവസാനമായി എകെജി ഭവനിൽ

മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഉൾപ്പെടെ പ്രമുഖർ എകെജി ഭവനിലെത്തി അന്ത്യോപചാരം അർപ്പിച്ചു

Update: 2024-09-14 07:58 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരന് നിറകണ്ണുകളോടെ അന്ത്യയാത്രയൊരുക്കി രാജ്യതലസ്ഥാനം. സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം അവസാനമായി പാർട്ടി ആസ്ഥാനമായ എകെജി ഭവനിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ അന്ത്യോപചാരം അർപ്പിക്കാനെത്തി. പ്രിയ സഖാവിനെ ഒരു നോക്കുകാണാനും വിപ്ലവാഭിവാദ്യം നേരാനുമായി നൂറുകണക്കിനു പ്രവർത്തകരും നേതാക്കളുമാണ് ഇവിടെ എത്തിയിട്ടുള്ളത്.

രാവിലെ ഒൻപതു മണിയോടെയാണ് വസന്ത്കുഞ്ചിലെ വീട്ടിൽനിന്ന് യെച്ചൂരിയുടെ ഭൗതികശരീരം എകെജി ഭവനിൽ എത്തിച്ചത്. വൈകീട്ട് മൂന്നു വരെ ഇവിടെ പൊതുദർശനം നടക്കും. വൈകീട്ട് അഞ്ചിന് 14 അശോക റോഡ് വരെ വിലാപയാത്ര നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹം പോലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം ഡൽഹി എയിംസിനു കൈമാറും.

രാവിലെ പത്തു മണിയോടെയാണ് മുഖ്യമന്ത്രി എകെജി ഭവനിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, എം.പിമാരായ എ. റഹീം, പി. സന്തോഷ് കുമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം.എ ബേബി, ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ഷൈലജ എന്നിവരെല്ലാം ഇവിടെയെത്തി. നേതാക്കള്‍ പുഷ്പ്പാർച്ചന നടത്തുകയും പാർട്ടി പതാക പുതപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 12ന് ഉച്ചയോടെയാണ് സീതാറാം യെച്ചൂരി അന്തരിക്കുന്നത്. ഡൽഹി എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശത്തിൽ അണുബാധയെ തുടർന്നു ചികിത്സയിലായിരുന്നു.

ഇന്നലെ വൈകീട്ട് വിദ്യാർഥി കാലത്ത് യെച്ചൂരിയുടെ പോരാട്ടഭൂമിയായിരുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഭൗതികദേഹം എത്തിച്ചിരുന്നു. ഇവിടെ നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു. ഇതിനുശേഷം വസതിയിലെത്തിക്കുകയായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, സിപിഐ നേതാവ് ഡി. രാജ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

Summary: Delhi bids farewell to Sitaram Yechury; Public viewing is in progress at AKG Bhavan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News