തിരൂർ സതീഷിന്‍റെ വീട്ടിൽ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്‍റെ വാദം പൊളിയുന്നു; കുടുംബത്തിനൊപ്പമുള്ള ചിത്രം പുറത്തുവിട്ട് സതീഷ്
സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടിൽ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്
തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വീട്ടിൽ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്‍റെ വാദം പൊളിയുന്നു. ശോഭാ സുരേന്ദ്രൻ തന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം തിരൂർ സതീഷ് പുറത്ത് വിട്ടു. സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടിൽ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്.
തിരൂർ സതീഷുമായി ഒരു ബന്ധമില്ലെന്നും അദ്ദേഹത്തിന്‍റെ വീട്ടിൽ പോയിട്ടില്ലെന്നുമായിരുന്നു ശോഭ ഇന്നലെ പറഞ്ഞത്. ഇതിന് മറുപടിയായാണ് സതീഷ് ഇന്ന് രാവിലെ ഫോട്ടോ പുറത്തുവിട്ടത്. തന്‍റെ വീട്ടിൽ ഭാര്യക്കും മകനും ഒപ്പം ശോഭ നിൽക്കുന്ന ഫോട്ടോയാണ് മാധ്യമങ്ങൾക്ക് നൽകിയത്. ഈ ഫോട്ടോ സതീഷിന്‍റെ വീട്ടിൽ നിന്ന് എടുത്തതല്ലെന്നായിരുന്നു ശോഭയുടെ മറുപടി. ഏഴ് മാസം മുൻപ് വീട്ടിലെത്തിയപ്പോൾ എടുത്ത ഫോട്ടോ ആണെന്ന് സതീഷ് ആവർത്തിച്ചു. ഫോട്ടോയിലുള്ള അതേ സ്ഥലത്ത് വെച്ചാണ് സതീഷ് മാധ്യമങ്ങളെ കണ്ടത് .
കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്‍റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂർ സതീഷിന്‍റെ ആരോപണങ്ങൾ ശോഭ നിഷേധിച്ചിരുന്നു. ബിജെപി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നിൽ എകെജി സെന്‍ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ല.
തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെന്‍ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷ്. കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീഷൻ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്? ഏത് നമ്പറിൽ നിന്നാണ് സതീഷ് തന്നെ വിളിച്ചത്? അതിൻ്റെ കോൾലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.