വിവാദ കമൻറ്; നടൻ നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് യു.എ.ഇയിൽനിന്ന്

നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് മീഡിയവൺ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‌ലിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്നും കമൻറ് വരുന്നത്

Update: 2022-09-20 09:40 GMT
Advertising

വിവാദ കമൻറിട്ട, യുവ നടൻ നസ്‌ലിൻ കെ. ഗഫൂറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് യു.എ.ഇയിൽ നിന്നുള്ളത്. നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട വാർത്താ പോസ്റ്ററിൽ വിവാദ കമൻറിട്ടതോടെയാണ് ഈ അക്കൗണ്ട് ജനശ്രദ്ധയിൽപ്പെട്ടത്. ഫേസ്ബുക്കിൽ മീഡിയവൺ വാർത്തയുടെ താഴെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ നടൻ കമൻറിട്ടെന്നായിരുന്നു ആരോപണം. തുടർന്ന് നടനെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതോടെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കി നടൻ രംഗത്ത് വരികയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് കമന്റിട്ടത് യു.എ.ഇയിൽ നിന്നുള്ള അക്കൗണ്ടിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിന് കത്തയച്ചതിന് പിന്നാലെ വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

Full View

സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ നടൻ വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് കമന്റ് ഇട്ടിരിക്കുന്നതെന്നും തനിക്കെതിരായ സൈബർ ആക്രമണം വേദനാജനകമാണെന്നും താരം പറഞ്ഞു.

 

നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് മീഡിയവൺ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‌ലിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്നും കമൻറ് വരുന്നത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതും. ഇതുസംബന്ധിച്ച വാർത്തയുടെ പോസ്റ്റർ മീഡിയവൺ ഫേസ്ബുക് പേജിൽ പങ്കുവെച്ചതിന് പിന്നാലെ നസ്‌ലിൻ കെ. ഗഫൂർ എന്ന ഫേസ്ബുക് പേജിൽ നിന്ന് കമൻറ് വരികയായിരുന്നു.

ലസിത പാലക്കലടക്കമുള്ള സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് നസ്‌ലിൻറെ വ്യാജ പേജിലെ കമൻറിന് താഴെ വളരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം നടക്കുകയാണ്. അഞ്ഞൂറിൽപ്പരം ആളുകളാണ് നസ്‌ലിന്റെ പേരിൽ മീഡിയവൺ വാർത്തക്ക് താഴെ വന്ന കമൻറിൽ പ്രതികരണവുമായെത്തിയത്.

താരത്തിനെതിരെ സംഘടിതമായി സംഘപരിവർ സൈബർ സെൽ ആക്രമണം അഴിച്ചുവിടുകയാണ്. 'മുക്കം സ്വയം സേവകർ' എന്ന പേജ് 'സെലിബ്രിറ്റി ഭീകരൻ' എന്നൊക്കെയാണ് താരത്തെ അധിക്ഷേപിച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, കേശു ഈ വീടിൻറെ നാഥൻ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരമാണ് നസ്‌ലിൻ.


Full View


some one from UAE created a fake account under the name Actor Naslin k gafoor

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News