സി.എ.എക്കെതിരെ വീണ്ടും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു.
തിരുവനന്തപുരം: സി.എ.എക്കെതിരെ വീണ്ടും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ കോടതിയിലുള്ള ഹരജി പരിഗണിക്കണമോ പുതിയ ഹരജി നൽകണോ എന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയമായാണ് സംസ്ഥാന സർക്കാർ പൗരത്വനിയമത്തെ കാണുന്നത്. രാഷ്ട്രീയമായും നിയമപരമായും സി.എ.എ നേരിടാനാണ് സർക്കാർ തീരുമാനം.
പാർലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ആദ്യ പിണറായി സർക്കാർ സുപ്രിംകോടതി സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കത്തിൽ ഇടപെടാൻ സുപ്രിംകോടതി അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 131 പ്രകാരമാണ് സംസ്ഥാനം ഹരജി നൽകിയത്. പൗരൻമാർക്ക് തുല്യത ഉറപ്പ് നൽകുന്ന അനുച്ഛേദം 14ന്റെ ലംഘനാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് ഹരജിയിലെ വാദം. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.