വിദ്യാർഥിനിയുടെ മരണം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
ഹോസ്റ്റല്‍ ഒഴിയില്ലെന്നും ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം ശക്തമാകുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.
കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾ ഉയർത്തിയത്. ഇതോടെയാണ് മാനേജ്‌മെന്റ് ചർച്ചക്ക് തയ്യാറായത്. വിദ്യാർഥികളുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന് പിന്നാലെ അധ്യാപകരും വിദ്യാഥികളും നാല് മണിക്കൂർ നീണ്ട ചർച്ചയാണ് നടത്തിയത്. ചർച്ച അന്തമായി നീണ്ടത്തോടെ സ്ഥലം എം.എൽ.എയും സർക്കാർ ചീഫ് വിപ്പുമായ ഡോ. എൻ ജയരാജും കോളജിൽ എത്തി. ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെങ്കിലും വിദ്യാർഥികൾ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയാണ് കോളജ് അടച്ചിടുന്നതായുള്ള ഇ.മെയില്‍ സന്ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.
കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.