അക്രമം നടത്താൻ സുധാകരൻ ആഹ്വാനം ചെയ്തു: കെ എം സച്ചിൻ ദേവ്
ധീരജിന്റെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിയത് എസ്ഡിപിഐ മോഡലിലാണെന്നും സച്ചിൻ ദേവ്
ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ അക്രമം അഴിച്ചു വിടാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്‌തെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്. എഞ്ചിനിയറിംഗ് കോളേജിൽ നടന്നത് ആസൂത്രിത കൊലപാതകമാണ്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധീരജിന്റെ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കിയത് എസ്ഡിപിഐ മോഡലിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തിയുമായി നിഖിൽ പൈലി എന്തിന് കോളേജിൽ വന്നുവെന്നും വ്യക്തമാക്കണം. എസ്എഫ്‌ഐ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാണ് യൂത്ത് കോൺഗ്രസ് അക്രമം അഴിച്ചു വിട്ടതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസിനും കെ സുധാകരനുമെതിരെ- രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമും രംഗത്തു വന്നു. കൽപിത കഥകൾ മെനയാന് സുധാകരൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കൊലകത്തിയില്ലാതെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ലെന്നും കൊലപാതകത്തെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും റഹീം വ്യക്തമാക്കി. സുധകരൻ രക്തധാഹിയായ രാഷ്ട്രീയക്കാരനാണെന്നും ഗുണ്ടാ സംഘങ്ങളിലൂടെ അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്നുള്ള ഗുരുതര ആരോപണങ്ങളാണ് കെപിസിസി പ്രസിഡന്റിനെതിരെ എഎ റഹീം ഉന്നയിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന് ആവർത്തിച്ച റഹീം സുധാകരന്റെ കൊച്ചു മകന്റെ പ്രായമുള്ളയാളാണ് കൊലക്കത്തിക്കിരയായതെന്നും പറഞ്ഞു.