'പരീക്ഷയാണോ വലുത്, ജീവനല്ലേ...'; സർക്കാരിന്റേത് ഏകാധിപത്യ തീരുമാനമെന്ന് സുധാകരൻ

സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും സുധാകരൻ ആരോപിച്ചു

Update: 2021-06-30 06:54 GMT
Advertising

പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ പറഞ്ഞു.

മുമ്പ് കഴിഞ്ഞ പല പരീക്ഷകളുടെയും ഫലങ്ങൾ വന്നിട്ടില്ല, പരീക്ഷയാണോ വലുത് അതോ ജീവനോ. ഒരു മനുഷ്യത്വമുള്ള സർക്കാർ അത് ചിന്തിക്കണ്ടേ. വിദ്യാർഥികൾക്ക് വാക്സിനേഷൻ ഇനിയും നൽകാൻ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ എന്തിനാണ് തിരക്കിട്ട് പരീക്ഷ നടത്തുന്നത്. സർക്കാരിന് വാശിയാണ്, ആരോടാണ് വാശിയെന്നും എന്തിനാണ് വാശിയെന്നും സുധാകരൻ ചോദിച്ചു.

കേരളത്തേക്കാൾ കോവിഡ് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടി.പി.ആർ കുറഞ്ഞു. എന്താണ് കേരളത്തിൽ ചെയ്ത മുൻകരുതലെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയണം. സംസ്ഥാനത്ത് ടി.പി.ആർ കുറയാത്തതിൽ നിന്നും സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാ​ഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സഹോദരൻ്റെ മരണം ഉദാഹരിച്ചാണ് സുധാകരൻ്റെ ആരോപണം. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News