''ജനം ടി.വിയിൽ ഞാൻ ഇതാണ് പറഞ്ഞത്, മറ്റു പ്രയോഗങ്ങളെല്ലാം അസത്യമാണ്''; വിശദീകരണവുമായി സുഹൈബ് മൗലവി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാധ്യനെന്ന് താൻ പറഞ്ഞെന്ന വാർത്ത നിഷേധിച്ച് പാളയം ഇമാം സുഹൈബ് മൗലവി. തന്റെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
''പെരുന്നാളിന്റെ ഒരു സന്തോഷം എന്നുകൂടി ഇതിനെ പറയാനാവും. നാടിന്റെ വികസനവും വളർച്ചയും രാഷ്ട്രീയത്തിനതീതമായി കാണുന്ന രീതിയാണ് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. വലിയ ഉത്സവമായാണ് ആളുകൾ ഇതിനെ കൊണ്ടാടുന്നത്. സൗകര്യപ്രദമായ കൂടുതൽ ട്രെയിനുകൾ ഇനിയും ആവശ്യമാണ്. എല്ലാ ജില്ലകളിലും വന്ദേഭാരതിന് ഒരു സ്റ്റോപ്പെങ്കിലും ഉണ്ടാവുന്നത് കൂടുതൽ സൗകര്യപ്രദമാണ്. സാധാരണക്കാരന് എല്ലായിപ്പോഴും ഇത് ഉപയോഗിക്കാനാവില്ലെങ്കിലും അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാരനും ഇത് പ്രയോജനപ്പെടുത്തും''-ഇതാണ് വീഡിയോയിൽ സുഹൈബ് മൗലവി പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽനിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്.
കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാകാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ പുതിയ ചുവടുവെപ്പാണ് വന്ദേഭാരത്. കേരളത്തിലെയും പുറത്തെയും കാര്യങ്ങളെ കുറിച്ച് മലയാളികൾ ബോധവാൻമാരാണ്. വികസനത്തിന്റെ വൈബ്രന്റ് സ്‌പോട്ടായാണ് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.