സന്ദീപ് വാര്യർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടപടിയെന്ന നിലപാടിൽ ബിജെപി സംസ്ഥാന നേതൃത്വം

അടിയന്തരമായി നടപടി വേണമെന്ന കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രൻ തത്കാലം നടപടി വേണ്ടെന്ന തീരുമാനമെടുത്തത്

Update: 2024-11-05 05:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സന്ദീപ് വാര്യർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടി മതിയെന്ന നിലപാടിൽ ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കഴിയും വരെ സന്ദീപിനെ അവഗണിച്ച് നിർത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ നിലപാട്. അടിയന്തരമായി നടപടി വേണമെന്ന കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രൻ തത്കാലം നടപടി വേണ്ടെന്ന തീരുമാനമെടുത്തത്.

ബിജെപി നേതാക്കൾക്കെതിരെയും പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെയും രംഗത്തുവന്നെങ്കിലും സന്ദീപ് വാര്യർക്കെതിരെ ഇപ്പോൾ നടപടി വേണ്ടെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കൃഷ്ണകുമാറിന്‍റേത് അച്ചടക്കലംഘനം തന്നെയാണ്. എന്നാൽ ഇപ്പോൾ നടപടിയെടുത്താൽ സന്ദീപിന് കൂടുതൽ സ്വീകാര്യത ലഭിക്കും. സിപിഎമ്മിന് അത് ഉപയോഗിക്കാനുമാകും. അതുകൊണ്ട് നവംബർ 20 കഴിഞ്ഞിട്ട് നടപടിയെടുക്കാം എന്ന നിലപാടിലാണ് കെ.സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയും വരെ സന്ദീപിനെ അവഗണിച്ച് മുന്നോട്ടുപോകണമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

എന്നാൽ സന്ദീപ് പരസ്യമായി പാർട്ടിയെ തള്ളിപ്പറഞ്ഞാൽ തെരഞ്ഞെടുപ്പിന് മുൻപാണെങ്കിലും നടപടിയെടുക്കാമെന്നും സുരേന്ദ്രന് നിലപാടുണ്ട്. പാർട്ടിയെ തള്ളിപ്പറഞ്ഞാൽ സന്ദീപിന്‍റെ ഉദ്ദേശ്യം വ്യക്തമാകുമെന്നും അപ്പോഴെടുക്കുന്ന നടപടി തിരിച്ചടിയാകില്ലെന്നുമാണ് ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന്‍റെ നിലപാട്. ഇതിനിടെ സന്ദീപിനെതിരെ അടിയന്തര നടപടി വേണമെന്ന് പി.കെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ ഈ നിലപാടെടുത്തു. സന്ദീപിനെ എക്കാലവും സംരക്ഷിച്ചുനിർത്തിയത് സുരേന്ദ്രനാണെന്ന വിമർശനവും നേതാക്കൾ ഉന്നയിച്ചു. ഇതിനോട് കോർ കമ്മിറ്റി യോഗത്തിലടക്കം സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.

അതേസമയം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആര്‍എസ്എസ്-ബിജെപി നേതൃത്വം നടത്തുന്ന ഇടപെടൽ വിജയിക്കുമോ എന്ന് ഇന്നറിയാം. ഇന്നലെ ആര്‍എസ്എസ് നേതാവ് എ. ജയകുമാർ സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദീപ് വാര്യർ ഉന്നയിച്ച വിഷയങ്ങൾ ബിജെപി നേതൃത്വത്തിന്‍റെ നിലപാടനുസരിച്ചായിരിക്കും അനുനയ നീക്കങ്ങളുടെ ഭാവി. കൃഷ്ണകുമാറിനായി പ്രചാരണത്തിനിറങ്ങില്ലെന്നതുൾപ്പൊട്ട താൻ ഉനയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് സന്ദീപ്  ഇന്നലത്തെ ചർച്ചക്കുശേഷം പ്രതികരിച്ചത്. അതേസമയം എല്ലാം ശരിയാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കർ പ്രതികരിച്ചു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News