'ശശി തരൂർ ഡൽഹി നായരല്ല, അസ്സൽ നായർ'; ഇക്കാര്യത്തിൽ ധാരണപ്പിശകുണ്ടായെന്ന് സുകുമാരൻ നായർ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ ഡൽഹി നായരല്ലെന്നും അസ്സൽ നായരാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നേരത്തെ ചെറിയ ധാരണപ്പിശക് ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ തിരുത്തിയെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തെരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയിൽപ്പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനോടും രാഷ്ട്രീയപ്പാർട്ടികളോടും പ്രശ്‌നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകൽച്ചയും അടുപ്പവുമില്ല. സർക്കാരുകൾ മുന്നാക്കം എന്ന കളത്തിൽ നായർ സമുദായത്തെ മാറ്റിനിർത്തുന്നു. നായർ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നാണ് സർക്കാരുകളോട് പറയാനുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു.