സ്വർണക്കടത്തിന് ഒത്താശ; കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ

സ്വർണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് പൊലീസിന്റെ വലയിലായത്

Update: 2022-08-18 15:13 GMT
Advertising

മലപ്പുറം: കരിപ്പൂരിൽ സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പൊലീസ് ക്‌സറ്റഡിയില്‍. വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. സ്വർണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്.ദുബായില്‍ നിന്ന് കള്ളക്കടത്ത് സ്വർണവുമായെത്തിയ രണ്ട് കാസർക്കോട് സ്വദേശികൾക്കാണ് സ്വർണം പുറത്തെത്തിക്കാൻ കസ്റ്റംസ് സൂപ്രണ്ടു തന്നെ ഒത്താശ ചെയ്തത്.

തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ അബ്ദുൾ നസീർ, ജംഷീർ എന്നിവർ 640 ഗ്രാം തങ്കവുമായി കരിപ്പൂരിൽ എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ലഗ്ഗേജ് പരിശോധനയില്‍ സ്വർണക്കടത്ത് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം തങ്കം മാത്രം കണക്കിൽ കാണിച്ച് ബാക്കി വരുന്ന 320 ഗ്രാം തങ്കം 25000 രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിലെത്തി.

എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ പിന്തുടർന്ന പൊലീസ് വിമാനത്താവളത്തിന് പുറത്ത് കൈക്കൂലി വാങ്ങി സ്വർണം കൈമാറുമ്പോൾ കസ്റ്റംസ് സൂപ്രണ്ടിനെ തൊണ്ടി സഹിതം പിടികൂടി. പിറകെ മുനിയപ്പയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡിൽ കണക്കില്‍ പെടാത്ത 442980/- രൂപയും 500 യു.എ.ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തു.  സ്വര്‍ണ കള്ളകടത്ത് സംഘവുമായി കസ്റ്റംസ് ഓഫീസർക്ക് ബന്ധമുള്ളതായും പൊലീസിന് സൂചന ലഭിച്ചു. കേസില്‍ തുടര്‍ നടപടികള്‍ക്കായി സി.ബി.ഐ, ആര്‍.ഡി.ഐ എന്നീ ഏജന്‍സികള്‍ക്ക് പൊലീസ് റിപ്പോർട്ട് സമര്‍പ്പിക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News