ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

സാധനങ്ങൾ വാങ്ങിയത് 26 ലക്ഷം പേർ, ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്ത്

Update: 2024-09-18 10:05 GMT
Advertising

തിരുവനന്തപുരം: ഓണക്കാല വിൽപനയിൽ വൻ നേട്ടവുമായി സപ്ലൈകോ. ഓണക്കാലത്ത് 123.56 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോ വില്പനശാലകളിൽ നടന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഉത്രാട ദിവസം വരെയുള്ള കണക്കാണിത്. സബ്സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെ 66.83 കോടി രൂപയും സബ്സിഡിയിതര സാധനങ്ങളിലൂടെ 56.73 കോടി രൂപയുമാണ് ലഭിച്ചത്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽപിജി ഔട്ട്ലെറ്റുകളിലെയും കണക്ക് ഉൾപ്പെടുത്താതെയാണിത്.

സെപ്റ്റംബർ മാസത്തിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ സപ്ലൈകോ വില്പനശാലകളിൽ എത്തിയത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളിൽ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു.

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറിൽ ഉണ്ടായത് . തൃശൂർ ( 42.29 ലക്ഷം രൂപ) കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം രൂപ) ജില്ല ഫെയരുകളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. പാലക്കാട് ജില്ലാ ഫെയറിൽ 34.10 ലക്ഷം രൂപയുടെയും, കോഴിക്കോട് ജില്ലാ ഫെയറിൽ 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News