പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റി

കൊച്ചി സിറ്റി പൊലീസും ആലപ്പുഴ ജില്ലാ പൊലീസും കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു

Update: 2024-06-20 02:06 GMT
Advertising

തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ സപ്പോർട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാർഗനിർദേശങ്ങൾ നൽകും. പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊലീസിൽ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്. ഈ മാസം മാത്രം അഞ്ച് പേർ ആത്മഹത്യ ചെയ്തു.

പൊലീസുകാർക്കിടയിൽ ജോലിഭാരം കൂടുന്നുവെന്നും ഇതിനാലുണ്ടാകുന്ന മാനസിക സമ്മർദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമർശനമുയർന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. അതാത് സിറ്റി, ജില്ലാ പരിധികളിൽ സപ്പോർട്ടിങ് കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് വകുപ്പിന്റെ നിർദേശം. ഇതോടെ കൊച്ചി സിറ്റി പൊലീസും ആലപ്പുഴ ജില്ലാ പൊലീസും കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു.

ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയിൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാർഗനിർദേശം നൽകുകയാണ് കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.

ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണ നൽകണം. ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികൾ നേരിടേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും അവർക്കാവശ്യമായ സഹായം നൽകുകയും വേണമെന്നാണ് നിർദേശം. ആലപ്പുഴയിൽ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ പൊലീസ് മേധാവിയാണ്. കമ്മിറ്റിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും ഐ.എം.എ പ്രതിനിധികളുമുണ്ട്. കൊച്ചിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ഡെപ്യൂട്ടി കമ്മീഷണറാണ്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News