കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം നാളെ ലെബനനിൽ; വാഴിക്കലിനെതിരെ കോടതിയിൽ ഹരജി
ബെയ്റൂത്ത് അറ്റ്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകീട്ട് 8.30നാണ് ചടങ്ങ്.


കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങ് നാളെ ലെബനനിൽ നടക്കും. ബെയ്റൂത്ത് അറ്റ്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകീട്ട് 8.30നാണ് ചടങ്ങ്.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇതിനിടെ, കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിനെതിരെ കോടതിയിൽ ഹരജിയുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തി.
കോട്ടയം മുൻസിഫ് കോടതിയിലാണ് മൂന്ന് വിശ്വാസികൾ ഹരജി നൽകിയത്. പാത്രിയർക്കീസ് ബാവാ സഭയിൽ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പൊലീത്ത തുടങ്ങിയ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹരജിയിൽ പറയുന്നു. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ഇനി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
കാതോലിക്കാ ബാവയെ വാഴിക്കുന്ന ചടങ്ങിനെതിരെ ഓർത്തഡോക്‌സ് സഭാംഗങ്ങൾ നേരത്തെയും രംഗത്തുവന്നിരുന്നു. ഇതിനെതിരായ പ്രതിഷേധക്കത്ത് ബാവ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങിനെതിരെ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ കോടതിയെ സമീപിച്ചത്.