മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കില്ല

കേസ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി

Update: 2021-11-10 16:52 GMT
Advertising

മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കില്ല. കേസ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി. നാളെ ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബേബി ഡാമിനരികിലെ മരംമുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും വിവാദമായതിനെ തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതിയിൽ തമിഴ്‌നാടിന് ആയുധമാകുമെന്ന് ആശങ്കയുണ്ട്.

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. 15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്നാടിന് അനുമതി നൽകിയിരുന്നത്. ഉത്തരവ് സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് റദ്ദാക്കി എല്ലാ വിവാദങ്ങളും ഇല്ലാതാക്കാനാണ് സർക്കാർ തീരുമാനം. ഇതിനിടെ വിവാദ ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെന്ന സർക്കാർ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചൻ തോമസ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിഞ്ഞിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദമാണ് രേഖകൾ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമർശിക്കുന്നത്. മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ വിശദീകരണം വന്നിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും വ്യക്തമാക്കി യോഗത്തിന്റെ മിനുട്‌സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു. നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വനം മന്ത്രിയുടെ വിശദീകരണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News