'സിനിമാക്കഥ പോലെ'.. രണ്ട് പതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപിയെത്തി, പൊട്ടിക്കരഞ്ഞ് ശ്രീദേവി
വികാര നിർഭരമായിരുന്നു കൂടിക്കാഴ്ച
രണ്ട് പതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപി ശ്രീദേവിയെ കണ്ടു. അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞായിരുന്ന ശ്രീദേവിക്ക് നിരവധി സഹായങ്ങളാണ് സിനിമ താരമായിരുന്ന സുരേഷ് ഗോപി അന്ന് നൽകിയത്. പാലക്കാട് കാവശ്ശേരിയിലെ ശ്രീദേവിയുടെ വീട്ടിലാണ് സുരേഷ് ഗോപി എം.പി എത്തിയത്
വികാര നിർഭരമായിരുന്നു കൂടിക്കാഴ്ച. 1995 ഡിസംബറിലെ ഒരു പുലർച്ചെയാണ് മലപ്പുറം കോഴിചേനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞിനെ നാട്ടുകാർക്ക് ലഭിച്ചത്. കുഞ്ഞിനെ പിന്നീട് ആലുവ ജനസേവയിലെത്തിച്ചു. അവിടെയെത്തി ശ്രീദേവിക്ക് നിരവധി സമ്മാനങ്ങൾ അന്ന് സുരേഷ് ഗോപി നൽകിയിരുന്നു.
വർഷം പലതു കടന്നുപോയി. ശ്രീദേവി വളർന്നു, വിവാഹിതയായി. കാവശ്ശേരി സ്വദേശി സതീഷിന്റെ ഭാര്യയും നാലര വയസുകാരി ശിവാനിയുടെ അമ്മയുമാണിന്ന് ശ്രീദേവി. കാവശ്ശേരിയിൽ ശ്രീദേവി ഉണ്ടെന്നറിഞ്ഞ് സമ്മാനങ്ങളുമായി സുരേഷ് ഗോപി എത്തുകയായിരുന്നു.
വർഷങ്ങൾക്ക് മുൻമ്പ് വീട് നൽകാമെന്ന് ശ്രീദേവിയോട് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ സംഗമത്തിലും ഇതേ ആവശ്യം മാത്രമാണ് ശ്രീദേവി ഉന്നയിച്ചത്. വർഷങ്ങൾക്ക് ശേഷം ശ്രീദേവിയെ കാണാനായതിൽ സുരേഷ് ഗോപിയും ഏറെ സന്തോഷത്തിലായിരുന്നു. സുരേഷ് ഗോപിയുടെ സഹായത്താൽ വാടക വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ അന്തിയുറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീദേവിയും കുടുംബവും.