എംപിക്ക് സല്യൂട്ട് അടിക്കേണ്ടതില്ലെന്ന് ആരു പറഞ്ഞു: സുരേഷ് ഗോപി
തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂർ എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്
പാലാ: പാർലമെന്റ് അംഗത്തിന് സല്യൂട്ട് അടിക്കേണ്ടതില്ലെന്ന് ആരു പറഞ്ഞെന്ന് സുരേഷ് ഗോപി. സല്യൂട്ടടിപ്പിച്ചതിൽ പരാതിയുണ്ടെങ്കിൽ പാർലമെന്റ് ചെയർമാന് പരാതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'സല്യൂട്ട് വിവാദത്തിൽ പരാതിയുണ്ടെങ്കിൽ അവർ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകൂ. വി വിൽ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാനൊക്കത്തില്ല. അതെല്ലാം അവരുടെ വെൽഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂർ എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. 'ഞാൻ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്. പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം എംഎൽഎമാർക്കും എംപിമാർക്കും സല്യൂട്ട് ചെയ്യേണ്ടതില്ല. എസ്‌ഐ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമോയെന്നും ഇപ്പോൾ വ്യക്തമല്ല.
പ്രോട്ടോകോൾ പ്രകാരം പൊലീസ് എംപിക്ക് സല്യൂട്ട് അടിക്കേണ്ടതില്ല. പൊലീസ് സ്റ്റാൻറിങ് ഓർഡർ പ്രകാരം എം.എൽ.എ, എംപി, മേയർ, ചീഫ് സെക്രട്ടറി എന്നിവരൊന്നും പൊലീസിൻറെ സല്യൂട്ടിന് അർഹരല്ല.
സുരേഷ് ഗോപിക്കെതിരെ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയിൽ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയിൽ ആവശ്യപ്പെട്ടു.