മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി: ചോദ്യം ചെയ്യലിനായി സ്വപ്‌ന ഇ. ഡിക്കു മുന്നിൽ ഹാജരായി
ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി: സ്വർണക്കടത്തുകേസിൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മുഖ്യമന്ത്രി, ഭാര്യ, മകൾ, കെടി ജലീൽ എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സ്വപ്‌ന ഇ.ഡിക്കു മുന്നിൽ ആവർത്തിച്ചേക്കും. ചോദ്യം ചെയ്യലിന് ശേഷമാകും പ്രമുഖരുടെ മൊഴിയെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
രാവിലെ 11 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നത്. സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി നേരത്തെ പരിശോധിച്ചിരുന്നു. തുടർന്ന് മൊഴിയിലെ കാര്യങ്ങൾ സംബന്ധിച്ച് കൈവശമുള്ള തെളിവുകളും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇ.ഡി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും.