മാധവൻ വാര്യർ ജലീലിന്റെ ബിനാമി; മറ്റു സംസ്ഥാനങ്ങളിലെ കോൺസുലേറ്റുകൾ വഴിയുള്ള ഇടപാട് നിയന്ത്രിച്ചത് ഇയാളെന്നും സ്വപ്ന
സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റുകൾ വഴി ഈത്തപ്പഴവും മതഗ്രന്ഥവും എത്തിച്ചപ്പോൾ അത് കൈകാര്യം ചെയ്യാൻ കെ.ടി ജലീൽ ഏൽപ്പിച്ചത് മാധവൻ വാര്യരെയാരുന്നുവെന്നും സ്വപ്‌ന ആരോപിച്ചു.
കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവൻ വാര്യർ കെ.ടി ജലീൽ എംഎൽഎയുടെ ബിനാമിയെന്ന് സ്വപ്‌ന സുരേഷ്. സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റുകൾ വഴി ഈത്തപ്പഴവും മതഗ്രന്ഥവും എത്തിച്ചപ്പോൾ അത് കൈകാര്യം ചെയ്യാൻ കെ.ടി ജലീൽ ഏൽപ്പിച്ചത് മാധവൻ വാര്യരെയായിരുന്നുവെന്നും സ്വപ്‌ന ആരോപിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദം ചെലുത്തിയെന്നും സ്വപ്‌ന ആരോപിക്കുന്നു. ഇതിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം സ്വപ്‌നയുടെ പുതിയ ആരോപണത്തെ പരിഹസിച്ച് കെ.ടി ജലീൽ രംഗത്തെത്തി. ''തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ!''- ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾക്കുള്ള മറുപടി ഇന്ന് ഉച്ചക്ക് 12.30ന് വാർത്താസമ്മേളനത്തിൽ പറയുമെന്നും അതോടെ നുണകൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുമെന്നും ജലീൽ പറഞ്ഞു.