'താലിബാൻ അമേരിക്കയുടെ ഉൽപന്നം, പൊരുതുന്ന അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം'; ഡി.വൈ.എഫ്.ഐ

''ജനാധിപത്യവും സമാധാനവുമല്ല അമേരിക്ക ആഗ്രഹിക്കുന്നത്, അസ്വസ്ഥതയും യുദ്ധങ്ങളുമാണ്''

Update: 2021-08-17 13:48 GMT
Editor : ijas
Advertising

മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണെന്ന് ഡി.വൈ.എഫ്‌.ഐ. താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. ലോകത്താകെ വിഭാഗീയത വളർത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നതായും അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഡി.വൈ.എഫ്.ഐ അറിയിച്ചു. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്‌.ഐ നാളെ വൈകുന്നേരം 5 മണിക്ക് ബ്ലോക്ക് കേന്ദ്രങ്ങളിൽ മാനവ സൗഹൃദ സദസുകൾ സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡി.വൈ.എഫ്.ഐയുടെ വാര്‍ത്താക്കുറിപ്പ്:

ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും, ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്‍റേത്. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്‍റെ കാഴ്ചപ്പാടുകൾ. നജീബുള്ള സർക്കാരിനെ അട്ടിമറിക്കാൻ സോവിയറ്റ് വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ് താലിബാൻ. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണ്.

2001 മുതൽ അഫ്ഗാനിൽ അമേരിക്ക പിടിമുറുക്കിയത് താലിബാനെ ഇല്ലാതാക്കാനെന്നായിരുന്നു അവർ വാദിച്ചത്. 20 വർഷങ്ങൾക്ക് ശേഷം അതേ താലിബാൻ അധികാരം നേടിയിരിക്കുന്നു. താലിബാനെ അധികാരം ഏൽപ്പിച്ചുമടങ്ങാൻ അമേരിക്കയ്ക്ക് യാതൊരു മടിയും ഉണ്ടായില്ല. ജനാധിപത്യവും സമാധാനവുമല്ല അമേരിക്ക ആഗ്രഹിക്കുന്നത്, അസ്വസ്ഥതയും യുദ്ധങ്ങളുമാണ്.

മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണ്. താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. സങ്കുചിത മതരാഷ്ട്രവാദം ലോകത്തെവിടെയും ജനാധിപത്യ നീക്കങ്ങളെ അട്ടിമറിക്കും. അത് ലോകത്ത് അസ്വസ്ഥത വളർത്തും. ഉയർന്ന മാനവിക മൂല്യങ്ങളെ അത് അപ്രാപ്യമാക്കും. ലോകത്താകെ വിഭാഗീയത വളർത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ നാളെ (18.08.2021) ന് വൈകുന്നേരം 5 മണിക്ക് ബ്ലോക്ക് കേന്ദ്രങ്ങളിൽ മാനവ സൗഹൃദ സദസുകൾ സംഘടിപ്പിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News