അധ്യാപിക നിര്‍ബന്ധിച്ച് കാല് പിടിപ്പിച്ച സംഭവം: പ്രിൻസിപ്പളിനെതിരെ എസ്.എഫ്.ഐയും
കാലു പിടിച്ച് മാപ്പു പറയുന്ന രീതി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് എസ്.എഫ്.ഐ
കാസര്‍ഗോഡ് ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പളിനെതിരെ എസ്.എഫ്.ഐയും രംഗത്ത്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് പ്രിൻസിപ്പൾ തടസമുണ്ടാക്കുന്നതായി എസ്.എഫ്.ഐ. പ്രിൻസിപ്പാളിനെതിരെ സർവ്വകലാശാലയിൽ പരാതി നൽകിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ജില്ലാ സെകാട്ടറി ആൽബിൻ മാത്യു മീഡിയ വണിനോട് പറഞ്ഞു.
കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളേജിൽ വിദ്യാർത്ഥിയെ കൊണ്ട് കാൽ പിടിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് എസ്.എഫ് ഐ ആവശ്യപ്പെട്ടു. കാലു പിടിച്ച് മാപ്പു പറയുന്ന രീതി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
കാസര്‍ഗോഡ് ഗവൺമെന്‍റ് കോളജിൽ പ്രിൻസിപ്പള്‍ കാലുപിടിപ്പിച്ചു എന്ന ആരോപണമുന്നയിച്ച രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിക്കെതിരെ കോളേജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
കോളജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്.