വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് അധ്യാപികയുടെ വ്യാജപരാതി; ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി
സംഭവം ആവർത്തിക്കരുതെന്ന് ചൈൽഡ്‌വെൽഫയർ കമ്മിറ്റി അധ്യാപികക്കും സ്‌കൂളിനും താക്കീത് നൽകി
കോഴിക്കോട്: വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക. കോഴിക്കോട് പേരാമ്പ്രയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ് വ്യാജപരാതി നൽകിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ പരാതി നൽകുകയായിരുന്നു.
പരാതി വ്യാജമെന്ന് കണ്ടെത്തിയ ചൈൽഡ്‌വെൽഫയർ കമ്മിറ്റി സംഭവം ആവർത്തിക്കരുതെന്ന് അധ്യാപികക്കും സ്‌കൂളിനും താക്കീത് നൽകി.അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാർഥിനി മീഡിയവണിനോട് പറഞ്ഞു.എന്തിനാണ് അധ്യാപിക ഇങ്ങനെ പരാതി നൽകിയതെന്ന് അറിയില്ലെന്നും വീട്ടുകാർ പറയുന്നു.
നാലു തവണയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. പേരാമ്പ്ര പൊലീസിന്റെ നേതൃത്വത്തിലും പെൺകുട്ടിയുടെ മൊഴി എടുത്തിരുന്നു. പിന്നീടാണ് ചൈൽഡ് ലൈനിൽ നിന്ന് കൗൺസിലിങ് നടത്തിയത്. ഈ സമയത്തൊന്നും തനിക്ക് ഒരു പ്രശ്‌നമില്ലെന്ന് പെൺകുട്ടി ആവർത്തിച്ചു പറഞ്ഞിരുന്നു. മാതാപിതാക്കൾ ഇല്ലാതെയാണ് ചൈൽഡ് ലൈനിൽ നിന്ന് മൊഴിയെടുക്കാനെത്തിയത്. അത് ശരിയായ നടപടിയല്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഷൈനി പറയുന്നു. മൊഴിയെടുത്ത കാര്യം വീട്ടിലോ പിതാവിനോടോ പറയരുതെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി പറയുന്നു.
അതേസമയം, വീട്ടിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വരുന്നുണ്ടെന്ന് വിദ്യാർഥിനിയുടെ സുഹൃത്തുക്കളാണ് അധ്യാപികയോട് പറഞ്ഞതെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. അധ്യാപിക ചെയ്തതാണ് ശരിയെന്നാണ് സ്കൂള്‍ പ്രധാനാധ്യാപകന്‍റെ വിശദീകരണം.