ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാൻ ഇന്ത്യ ശക്തി ഉപയോഗിക്കണമെന്ന് ടി.ജി മോഹൻദാസ്
ഹിന്ദുവിരോധിയായ മുഹമ്മദ് യൂനുസിന് ചിട്ടിക്കമ്പനി നടത്തിയതിന്റെ പേരിലാണ് നൊബേൽ സമ്മാനം ലഭിച്ചത്
കൊച്ചി: ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ രക്ഷിക്കാൻ ഇന്ത്യ ശക്തി ഉപയോഗിക്കണമെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പ്രസ്താവന നടത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാൻ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ബംഗ്ലാദേശിൽ ഹിന്ദുക്കൾ ദ്രോഹിക്കപ്പെടുന്നുണ്ട്. അവർക്ക് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ ഇവിടേക്ക് വിടണമെന്ന് ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി തന്നെ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണം. മുഹമ്മദ് യൂനുസിനോട് കാര്യം പറയണം, അല്ലെങ്കിൽ നമ്മളുടെ ശക്തി ഉപയോഗിക്കണം. ബംഗ്ലാദേശ് ആർമിയുടെ കൈയിൽ തോക്കല്ലാതെ വേറൊന്നുമില്ല. ടാങ്കും, യുദ്ധകപ്പലൊന്നും അവരുടെ കൈയിൽ ഇല്ല. ഒറീസയേക്കാൾ ചെറുതാണ് ബംഗ്ലാദേശെന്ന് ഓർമവേണം.
ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാൻ എന്തു ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കൃത്യമായ ഉത്തരം നൽകണം. അവിടെ ശ്വാസംമുട്ടുന്ന ഹിന്ദുക്കളുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുപറയണം. ബംഗ്ലാദേശ് എംബസിയിൽ ഹെൽപ്പ് ഡെസ്ക് തുറന്ന് സൗകര്യങ്ങളൊരുക്കണം. ഹിന്ദുക്കൾക്ക് മാത്രം സ്വാഗതമെന്ന ബോർഡ് വെച്ചിട്ട് അവിടുത്തെ ഹിന്ദുക്കളെ ഇങ്ങോട്ട് വരാൻ അനുവദിക്കണം. രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു മൂന്ന് ബംഗ്ലാദേശികൾ തന്നെ സമീപിച്ചുവെന്നും മോഹൻദാസ് പറഞ്ഞു.
ഹിന്ദുവിരോധിയാണ് മുഹമ്മദ് യൂനുസ്. ചിട്ടിക്കമ്പനി നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചതെന്നും മോഹൻദാസ് പരിഹസിച്ചു. ബംഗ്ലാദേശിൽ ഒരു കോടി അറുപത്തി രണ്ട് ലക്ഷം ഹിന്ദുക്കളുണ്ടെന്നാണ് കണക്കുകൾ. ഹിന്ദുക്കളെയെല്ലാം മുസ്ലിംകളാക്കുക എന്നതാണ് ബംഗ്ലാദേശിലെ ഇസ്‍ലാമിക തീവ്രവാദ സംഘടനകളുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.