'ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടി, എല്ലാവർക്കും നന്ദി'; അബിഗേലിന്‍റെ പിതാവ് റെജി
'രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിർത്താനില്ല. കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു'
കൊല്ലം: ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച് ഓയൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരിയുടെ പിതാവ് റെജി. 'ഒരു പോറൽ പോലുമേൽക്കാതെ എന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സഹായിച്ച എല്ലാവർക്കും നന്ദി. രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിർത്താനില്ല. കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കംമുതൽ കൂടെനിന്നു. പൊലീസ് തുടക്കംമുൽതന്നെ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാൻ തളർന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാൽ അപ്പോഴും പൊലീസ് ധൈര്യം പകർന്നു. എല്ലാവരോടും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ ഇതിന് പിന്നിലെന്ന് കണ്ടെത്തണം'. റെജി പറഞ്ഞു.
ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് നാട്ടുകാർ തന്നെയാണ് വെള്ളവും ബിസ്‌കറ്റും വാങ്ങി നൽകിയത്. ഉടനെ പൊലീസ് എത്തുകയും കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആർ ക്യാമ്പിലും എത്തിക്കുകകയായിരുന്നു.
സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളർ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത് വാടക കാർ ആണെന്നാണ് പൊലീസിന്റെ നിഗമനം.ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് സംഭവമുണ്ടാകുന്നത്.
സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. സംഘമെത്തിയ വെള്ള കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരത്തുണ്ടെന്നാണ് കുട്ടിയുടെ മൊഴി.