കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; കൂൾ ബാറിന്‍റെ പാർട്ണറുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
കാസര്‍കോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച കേസിൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ചെറുവത്തൂർ ബസ് സ്റ്റാന്‍റില്‍ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാർ ഉടമ കുഞ്ഞഹമ്മദിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സൂചന. കുഞ്ഞഹമ്മദ് കേസിൽ നാലാം പ്രതിയാണ്. നിലവിൽ വിദേശത്താണ് കുഞ്ഞഹമ്മദുള്ളത്. മൂന്നാം പ്രതിയായ മാനേജിംഗ് പാർട്ണർ അഹമ്മദിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സംഭവത്തിൽ ഭഷ്യസുരക്ഷ വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും, ജില്ലാ കലക്ടർക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചെറുവത്തൂരിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നും പരിശോധന നടത്തും.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും അടച്ചുപൂട്ടാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം. ഭക്ഷ്യ വിഷബാധയുണ്ടായ ഐഡിയൽ കൂൾബാറിലേക്ക് കോഴിയിറച്ചി നൽകിയ കോഴിക്കട ലൈസൻസ് ഇല്ലാത്തതിനാൽ ഇന്നലെ അടച്ചു പൂട്ടിയിരുന്നു. അതേസമയം ഷവർമ കഴിച്ചു ചർദ്ദി ഉൾപ്പെടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ .
ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. ഗുണ മേൻമയുളള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.