കാലുമാറി ശസ്ത്രക്രിയ: ആശുപത്രിക്ക് വീഴ്ച് പറ്റിയെന്ന് അഡീഷ്ണൽ ഡി.എം.ഒയുടെ റിപ്പോർട്ട്
നാഷണൽ ആശുപത്രിയിൽ കാല് മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ബെഹിർഷാൻ സമ്മതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ ആശുപത്രിക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്. അഡീഷ്ണൽ ഡി.എം.ഒ പ്രാധമിക റിപ്പോർട്ട് സമർപ്പിച്ചു. എല്ലുരോഗ ശ്‌സത്രക്രിയ ഡോക്ടർമാരടങ്ങിയ വിദഗ്ധ സമിതി, റിപ്പോർട്ട് പരിശോധിക്കും. അഡീഷണൽ ഡി.എം.ഒയാണ് ഡി.എം.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടർക്ക് ഇക്കാര്യത്തിൽ വീഴ്ച്ച പറ്റിയതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗിയെ രോഗവിവരം ധരിപ്പിക്കുന്നതിലും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധ്യപ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടതുണ്ട്. വിദഗ്ധ സമിതി ഇത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നാഷണൽ ആശുപത്രിയിൽ കാല് മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ബെഹിർഷാൻ സമ്മതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ബന്ധുക്കൾ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്. വാതിലിനിടയിൽ കാല് കുടുങ്ങിയതിനെ തുടർന്ന് ഒരു കൊല്ലത്തോളമായി യുവതി ചികിത്സയിലാണ്. ശസ്ത്രക്രിയ ഇല്ലാതെ തന്നെ രോഗം ഭേദമാക്കാമെന്ന് ഡോക്ടർ ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
എന്നാൽ ഇടത് കാലിന് പകരം വലതു കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് ആശുപത്രി അധിക്യതരെ അറിയിച്ചപ്പോൾ വലതുകാലിനും പ്രശ്‌നമുണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിന് ശേഷം ഇടത് കാലിൽ ശസ്ത്രക്രിയ നടത്താമെന്നുമാണ് പറഞ്ഞത്.രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. കക്കോടി മക്കട സ്വദേശി സജ്‌നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നപടി. അശ്രദ്ധമായി ചികിത്സിച്ചു എന്ന കുറ്റമാണ് ഡോക്ടർ ബഹിർഷാനെതിരെ ചുമത്തിയത്. സംഭവത്തിൽ അഡി.ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തുടർ ചികിത്സക്കായി സജ്‌നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.