'ശത്രുതാമനോഭാവത്തോടെയാണ് കേന്ദ്രം കേരളത്തെ കാണുന്നത്'; മുഖ്യമന്ത്രി പിണറായി വിജയൻ
നിക്ഷേപ സൗഹൃദത്തിൽ കേരളം ഒന്നാമതാണെന്നും ഇതിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു


കൊല്ലം: 24-ാമത് പാർട്ടി സമ്മേളനത്തിൽ കേന്ദ്രത്തിന് നേരെ വിരൽചൂണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ പ്രതിസന്ധിയാണ് ഈക്കഴിഞ്ഞ മൂന്ന് വർഷക്കാലം കൊണ്ട് നേരിടേണ്ടി വന്നതെന്നും ശത്രുതാമനോഭാവത്തോടെയാണ് കേന്ദ്രം കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തെ ശ്വാസംമുട്ടിക്കുകയും സാമ്പത്തികമായും നേരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സംസ്ഥാനത്തിൻ്റെ വിഭവശേഷിയിലൊരു ഭാഗം കേന്ദ്രം നൽകുന്ന പണമാണ്. അത് തരാതെയും വായ്പ പരിധി വെട്ടിക്കുറിച്ചും കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിച്ചു.ഒരു കേരള വിരുദ്ധ സമീപനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നതിന് പിന്നിൽ കേരളത്തിന്റെ ബിജെപി വിരോധമാണ്. കേരളം ബിജെപിയിൽ നിന്ന് അകന്നു നിൽക്കുന്നത് കൊണ്ട് ശത്രുക്കളായി കാണാൻ പാടുണ്ടോ. കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.എങ്ങനെ ഒക്കെ കേരളത്തെ കുറ്റപ്പെടുത്താം എന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. മുണ്ടക്കൈ ചൂരൽമല പ്രശ്നത്തിൽ ഒഴികെ യുഡിഎഫ് കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്നു. ദുരന്തങ്ങളിൽ ഒരു സഹായവും ലഭിക്കാത്ത സംസ്ഥാനമാണ് കേരളം. മാധ്യമങ്ങ ളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതും.' പിണറായി വിജയൻ പറഞ്ഞു.
അതേസമയം, നിക്ഷേപ സൗഹൃദത്തിൽ കേരളം ഒന്നാമതാണെന്നും ഇതിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല വിദ്യാഭ്യാസം നേടിയ യുവാക്കളാണ് വിദേശത്തേയ്ക്ക് പോകുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പാദ്യമുള്ള മലയാളികൽ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാവേണ്ടതു ണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വീഡിയോ കാണാം: