'മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസ്സില്ല': എ.ഐ ക്യാമറ വിവാദത്തിൽ എ.കെ ബാലൻ
"നിയമപരമായി നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കും. പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാം"
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാമെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
"വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് മറുപടി പറയുന്നത്. അപ്പോൾ പറയും മുഖ്യമന്ത്രി ഇടപെട്ടുവെന്ന്. മിണ്ടാതിരുന്നാൽ പറയും എന്തോ ഒളിച്ചു വയ്ക്കുന്നുവെന്ന്. അന്വേഷണം നടക്കട്ടെ. ഈ അന്വേഷണത്തിനിടയിൽ എന്താണ് മുഖ്യമന്ത്രി പറയേണ്ടത്? അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തിൽ അദ്ദേഹമെങ്ങനെ ആണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി അങ്ങനെ അഭിപ്രായം പറയണമെന്നാണെങ്കിൽ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്.
അഴിമതി ആരോപണം ഒരു സംവിധാനം വഴിയും തെളിയിക്കാനായിട്ടില്ല. നിയമപരമായി നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കും. പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാം". എ കെ ബാലൻ പറഞ്ഞു.
അതേസമയം, വിവാദത്തിനിടെ ഇന്ന് സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.
മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന് മുന്നിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിലും ഇന്നാരംഭിക്കുന്ന യോഗത്തിൽ നേതൃത്വത്തിന് മുന്നിൽ പിണറായി വിജയൻ മറുപടി പറയുമെന്നാണ് വിലയിരുത്തൽ.