'മഴയായതിനാൽ കളക്ടർ എഴുന്നേൽക്കാൻ താമസിച്ചു'; അവധി പ്രഖ്യാപിക്കാൻ വൈകിയ രേണുരാജിന് പൊങ്കാല

ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് പ്രവചനം

Update: 2022-08-04 04:19 GMT
Editor : Dibin Gopan | By : Web Desk
Advertising

എറണാകുളം: ശക്തമായ മഴ തുടർന്നിട്ടും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ വൈകിയ കളക്ടർ രേണുരാജിനെതിരെ വിമർശനം. കളക്ടറുടെ വൈകിയെത്തിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധിയാളുകളാണ് കമന്റിട്ടിരിക്കുന്നത്. കളക്ടർക്ക് ഉത്തരവാദിത്വമില്ല, മഴ കാരണം കളക്ടർ ഉറങ്ങിപ്പോയതാണ് എന്നൊക്കെയാണ് വരുന്ന ചില കമന്റുകൾ. കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതിന് മുമ്പ് എങ്കിലും കളക്ടർ അവധി പ്രഖ്യാപിക്കാൻ ശ്രമിക്കണമെന്നും രക്ഷിതാക്കൾ കളക്ടറുടെ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.

എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമർശനം ഉയർന്നതോടെ വിശദീകരണവുമായി കളക്ടറെത്തി. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പുതിയ കുറിപ്പിൽ കളക്ടർ പറയുന്നു.

അതേസമയം, ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.




 


ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.




 


കൂടാതെ തൃശൂർ ചാവക്കാട് കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ ദിവസം നാവികസേനയുടെ ഹെലികോപ്റ്റർ ഇവരെ കണ്ടെത്തിയെങ്കിലും കരയ്ക്ക് എത്തിക്കാനായിരുന്നില്ല. കോസ്റ്റ് ഗാർഡിൻറെ കപ്പൽ തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ ഗിൽബർട്ട്, മണിയൻ എന്നിവരെയാണ് കണ്ടെത്താനുള്ളത്.

അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് മരിച്ചത്. 178 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 5168 പേരെയണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ജൂലൈ 31 മുതൽ ഇന്ന് വരെയുള്ള കണക്ക് പ്രകാരം 1695 ഹെക്ടർ കൃഷി നാശം ഉണ്ടായെന്നാണ് പ്രാഥമികനിഗമനം. 53 കോടി 48 ലക്ഷം രൂപയുടെ കൃഷി നശിച്ചു. ഏറ്റവും കൂടുതൽ കൃഷിനാശം പാലക്കാട് ജില്ലയിലാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News