വനിതാ നേതാവിന്റെ പരാതി; എസ്.എഫ്.ഐ മുൻ നേതാവ് അഭിജിത്തിനെ സി.പി.എം സസ്പെൻ‍ഡ് ചെയ്തു

നേരത്തെ, ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

Update: 2022-12-24 11:19 GMT
Advertising

തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരത്തെ മുൻ എസ്.എഫ്.ഐ നേതാവ് അഡ്വ. ജെ.ജെ അഭിജിത്തിനെ സി.പി.എം സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്.

വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. നേരത്തെ, ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ ഓഫിസിൽ ചേർന്ന എസ്.എഫ്.ഐ ജില്ലാ ഫാക്ഷൻ യോഗത്തിലും വനിതാ നേതാക്കൾ അഭിജിത്തിനെതിരെ ഉന്നയിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെടുന്നുണ്ട്.

ഇന്നലെ ചേർന്ന നേമം ഏരിയാ കമ്മിറ്റി യോഗം അഭിജിത്തിനെ തരംതാഴത്താൻ തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.

ഇതിനു പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനെതിരെ വെളിപ്പെടുത്തലുമായി ഇയാൾ രം​ഗത്തെത്തിയിരുന്നു. ആനാവൂർ നാഗപ്പന്റെ നിർദേശപ്രകാരം എസ്.എഫ്.ഐ നേതാവാകാൻ യഥാർഥ പ്രായം ഒളിപ്പിച്ചുവച്ചെന്നാണ് അഭിജിത്ത് വെളിപ്പെടുത്തി. ഇയാളുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ജില്ലാ നേതാവാകാൻ ആനാവൂർ നാഗപ്പൻ പ്രായം കുറച്ചുപറയാൻ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയുന്ന വേറെയും നേതാക്കളുണ്ട്. നിലവിൽ 30 വയസായിട്ടുണ്ടെങ്കിലും പുറത്തുപറയുന്ന പ്രായം അതല്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News