'അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ എന്ന് കാലം തെളിയിച്ചത്, DGPയാക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നത്': പി.വി അൻവർ
'കേരളത്തിൻ്റെ മുഖ്യമന്ത്രിയും പൊലീസും പൂർണമായും ആർഎസ്എസിന് കീഴ്പ്പെട്ടു'
നിലമ്പൂർ: എം.ആർ അജിത് കുമാറിന് നൽകിയ പ്രൊമോഷൻ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് പി.വി. അൻവർ MLA. 'എം.ആർ അജിത് കുമാറിനെ DGPയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണ്. കേരളത്തിൻ്റെ ചരിത്രത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു വ്യക്തിയും ഇതുവരെ പൊലീസ് തലപ്പത്തെത്തിയിട്ടില്ല. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ എന്ന് കാലം തെളിയിച്ചതാണ്.
അജിത് കുമാറിനെതിരെ ഞാൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ആ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാരിൽ നിന്ന് വന്നിട്ടുള്ളത്. ഈ അന്വേഷണങ്ങൾ വെറും പ്രഹസനമാണ്, പല ഘട്ടത്തിലും ഞാനത് പറഞ്ഞതുമാണ്. കേരളത്തിൻ്റെ മുഖ്യമന്ത്രിയും പൊലീസും പൂർണമായും ആർഎസ്എസിന് കീഴ്പെട്ടു. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എന്തുകൊണ്ട് പ്രതികരിച്ചില്ലെ'ന്നും അൻവർ ചോദിച്ചു.
ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആർ.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈയിടെ ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.