ശബരിമലയിൽ ദർശന സമയം ഇനിയും കൂട്ടാനാവില്ലെന്ന് ദേവസ്വം ബോർഡ്
കെ.എസ്.ആര്‍.ടി.സിയുടെ പ്രവർത്തനത്തിലും അവലോകനയോഗത്തിൽ ദേവസ്വംബോർഡ് അതൃപ്തി രേഖപ്പെടുത്തി
പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം ഇനിയും വർധിപ്പിക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ്. സന്നിധാനത്തും പമ്പയിലും പൊലീസ് നടത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളാണ്. പതിനെട്ടാം പടിയിൽ നിർത്തിയിരുന്ന പൊലീസുകാർ പരിചയ സമ്പന്നരല്ലായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പ്രവർത്തനത്തിലും അവലോകനയോഗത്തിൽ ദേവസ്വംബോർഡ് അതൃപ്തി രേഖപ്പെടുത്തി. ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. 82,365 തീർത്ഥാടകരാണ് ഇന്ന് വെർച്യൂ ക്യൂ സംവിധാനത്തിലെ ബുക്ക് ചെയ്തിരിക്കുന്നത്. 67784 പേർ ഇന്നലെ ദർശനം നടത്തിയിരുന്നു.
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് വീണ്ടും പരിമിതപ്പെടുത്തണെന്ന് പൊലീസും അറിയിച്ചു. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അതൃപ്തിയറിയിച്ചു. ബസുകളിൽ കുത്തിനിറച്ച് തീർത്ഥാടകരെ കൊണ്ടുപോകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു. തിക്കി നിറച്ച് യാത്ര നടത്തുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥർ വിശദീകരിച്ചു.